മതനിന്ദയുടെ സുവിശേഷകര്

മുഹമ്മദ് നബിയെ അവഹേളിച്ചു മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും മുസ്്‌ലിംകള്‍ വികാരജീവികളാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പാശ്ചാത്യതന്ത്രത്തിന്റെ മലയാളപ്പതിപ്പുകള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. പാശ്ചാത്യന്റെ ആധിപത്യമതത്തിന്റെയും സംസ്‌കാരങ്ങളുടെയും അനുയായികളില്‍നിന്നുതന്നെ അതുണ്ടാവുന്നു എന്നത് ഇത് യാദൃശ്ചികമല്ലെന്ന സന്ദേശമാണു നല്‍കുന്നത്. സല്‍മാന്‍ റുഷ്ദിക്കും തസ്്‌ലീമാനസ്‌റിനും ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനും തണലൊരുക്കുകയും ഹാലേലുയ്യ പാടുകയും ചെയ്ത ശക്തികളുടെ കുഴലൂത്തുകാര്‍ മലയാളിയുടെ മതേതരബോധത്തിനും സഹിഷ്ണുതയ്ക്കും നേരെയാണ് കേരളത്തില്‍ കുരിശേന്തിനില്‍ക്കുന്നത്.
ഇസ്‌ലാമിനോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാശ്ചാത്യലോകം പാഴാക്കാറില്ല. ആദര്‍ശവിരോധം എന്നതിനപ്പുറം ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നവരെന്ന നിലയില്‍ മുസ്‌ലിംകളോടുള്ള വിരോധവും ഈ അസഹിഷ്ണുതയുടെ കൂടപ്പിറപ്പാണ്. അതുകൊണ്ടാണ് ചോരപ്പുഴകള്‍ സൃഷ്ടിച്ച് ചരിത്രത്തില്‍ അവര്‍ കുരിശുയുദ്ധങ്ങള്‍ തീര്‍ത്തത്. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെ വെട്ടിപ്പിടിക്കാനുള്ള അധിനിവേശമോഹത്തിനു പിന്നിലും ഇങ്ങനെയൊരു പകയുടെ ചരിത്രം പതിയിരിപ്പുണ്ട്.
തങ്ങളുടെ ലക്ഷ്യസാധ്യത്തിന് ഇസ്‌ലാമിനെയും മുസ്്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്താന്‍ പടിഞ്ഞാറ് പാടുപെടുന്നതിനു പിന്നില്‍ മേല്‍വിവരിച്ച രാഷ്ട്രീയതാല്‍പ്പര്യമാണുള്ളത്. തങ്ങളുടെ കൈപ്പിടിയിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് അവരതു സമര്‍ഥമായി നടപ്പാക്കുന്നു. ജില്ലന്റ് പോസ്റ്റണ്‍ എന്ന ഡാനിഷ്പത്രത്തില്‍ പ്രവാചകനെ അവഹേളിച്ചുവന്ന കാര്‍ട്ടൂണ്‍ ആദ്യത്തേതോ ഒടുവിലെത്തേതോ ആയിരുന്നില്ല.
163 കോടി മുസ്്‌ലിംകള്‍ അളക്കാനാവാത്ത സ്‌നേഹാദരങ്ങളോടെയാണ് തങ്ങളുടെ ഹൃദയചിമിഴില്‍ പുണ്യപ്രവാചകനെ കുടിയിരുത്തിയിരിക്കുന്നത്. പ്രവാചകനെ നിന്ദിക്കുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ മുറിപ്പെടും; സ്വാഭാവികപ്രതികരണങ്ങള്‍ ഉടലെടുക്കും. അതിനെ വിമര്‍ശനങ്ങളോടുളള അസഹിഷ്ണുതയെന്ന് തെറ്റായി പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍, ആത്മാഭിമാനമുള്ള ഒരു ജനതയുടെ പ്രതിഷേധത്തിന്റെ തിരയിളക്കങ്ങളാണത്; അസഹിഷ്ണുതയല്ല. വിമര്‍ശനങ്ങളെ ഇസ്്‌ലാമോ മുസ്‌ലിംകളോ ഒരിക്കലും ഭയക്കുന്നില്ല. ആരംഭകാലം മുതലെ ഇസ്‌ലാമിന്റെ ആശയപ്രപഞ്ചമാണ് വിമര്‍ശകരെ നിരായുധരാക്കിയത്. ഇന്നും അതിന്റെ വ്യാപകമായ സ്വീകാര്യതയുടെ രഹസ്യവും ഈ ആന്തരിക കരുത്തുതന്നെ.
ആഗോളതലത്തില്‍ത്തന്നെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന മുസ്്‌ലിംവിരുദ്ധ ഗൂഢാലോചനയുടെ ബഹിര്‍സ്ഫുരണങ്ങളുടെ കേരളീയപതിപ്പുകളാണ് പത്തിനംതിട്ട ജില്ലയിലെ ചുങ്കപ്പാറയിലും തൊടുപുഴ ന്യൂമാന്‍ കോളജിലും കണ്ടത്. പത്തനംതിട്ടയില്‍ പ്രചരിപ്പിച്ച അത്യന്തം പ്രകോപനപരമായ പുസ്്തകം ക്രൈസ്തവ സംഘങ്ങളുടെ ഹീനമനസ്ഥിതിയാണ് പ്രതിഫലിപ്പിക്കുന്നതെങ്കില്‍ കുറേക്കൂടി ഗുരുതരവും അപകടകരവുമാണ് തൊടുപുഴയിലേത്. വിദ്യാഭ്യാസ മേഖലയിലെ പരീക്ഷകള്‍ പോലുള്ള വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മതനിന്ദ നടത്തുകയാണ് അധ്യാപകന്‍ ചെയ്തത്. കുറ്റവാളിയായ അധ്യാപകനെ കവച്ചുവയ്ക്കുന്നു, പ്രശ്‌നത്തോട് നിസ്സംഗ സമീപനം കൈക്കൊണ്ട സഭയുടെയും സാംസ്‌കാരികകേരളത്തിന്റെയും മൗനം. തൊടുപുഴയില്‍നിന്നുള്ള രണ്ടു ജനപ്രതിനിധികളാവട്ടെ, കേരളത്തിന്റെ ജനാധിപത്യബോധത്തെയും മതേതരധാരയെയും അശേഷം വിലകല്‍പ്പിക്കാത്ത തരത്തിലാണു പ്രതികരിച്ചത്. പോലിസും പതിവുതെറ്റിച്ചില്ല; പ്രതിഷേധങ്ങള്‍ക്കു മുന്‍കൈയെടുത്തവരെ പ്രതികളാക്കുന്നതിലായിരുന്നു അവര്‍ക്കു ശുഷ്‌കാന്തി.
വിശുദ്ധ വചനങ്ങളെയും മുഹമ്മദ് നബിയെയും അവഹേളിക്കാനും അതുവഴി സാമുദായികസ്പര്‍ധയിലൂടെ ലാഭം കൊയ്യാനുമുളള പുതിയ ശ്രമങ്ങളെ ഒറ്റപ്പെട്ടതായി കണ്ട് കണ്ണടയ്ക്കരുത്. മലയാളത്തിന്റെ മണ്ണ് പുതിയ വിദ്വേഷസൂത്രങ്ങളുടെ വിത്തിറക്കാന്‍ പാകമായോ എന്ന പരീക്ഷണത്തെ പരാജയപ്പെടുത്താന്‍ തല്‍ക്കാലം കേരളീയര്‍ക്കു സാധിച്ചിരിക്കുന്നു. വിദ്വേഷത്തിന്റെ സുവിശേഷകര്‍ക്കുനേരെ എപ്പോഴും ഒരു കണ്ണുണ്ടായാലേ ഈ വിജയം നിലനിര്‍ത്താനാവൂ.