ജിദ്ദ ഇസ്‌ലാമിക്‌ സെന്റര്‍ നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനം ശ്രദ്ധേയമായി



ജിദ്ദ : മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. നാഷണല്‍ ഡേലിഗേറ്റ്‌സ്‌ കാമ്പസിന്റെ ഭാഗമായി ജിദ്ദ ഇസ്‌ലാമിക്‌ സെന്റര്‍ നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനം ശ്രദ്ധേയമായി. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ പ്രവാസി ഘടകം നാട്ടില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്‌ സംഘടിപ്പിച്ചത്‌. വിദ്യാഭ്യാസ ആദര്‍ശ മേഖലയില്‍ നൂതനമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കേരളത്തിലെ മറ്റുള്ള വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്ന്‌ വ്യതിരിക്തമായ വിദ്യാര്‍ത്ഥി സംഘടനയാണ്‌.

പുതിയ സാമൂഹിക പരിസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ യുവതലമുറയെ സജ്ജമാക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ശറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു. ധാര്‍മ്മികതയില്‍ അധിഷ്‌ഠിതമായ വിദ്യാഭ്യാസത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനാ സംസ്‌കാരത്തിനും മാത്രമേ ഇത്തരം ഒരു യുവജന സമൂഹത്തെ സൃഷ്ടിക്കാനാവൂ. മര്‍ദ്ദിതരുടെ പ്രതിരോധം എന്ന കപട മുദ്രാവാക്യം ഉയര്‍ത്തി യുവ സമൂഹത്തില്‍ വേരൂന്നാന്‍ ശ്രമിച്ച തീവ്രവാദികളെ സമൂഹം ഒറ്റപ്പെടുത്തിയപ്പോള്‍, മതേതര രാഷ്ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ്‌ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി വില്‍ക്കാനുള്ള രാഷ്ട്രീയ തീവ്രവാദിയുടെ പുതിയ ശ്രമം മതേതര സമൂഹം തിരിച്ചറിയണമെന്ന്‌ സമ്മേളനം മുന്നറിയിപ്പ്‌ നല്‍കി. മുസ്‌്‌ലിം സമുദായത്തിന്റെ പേരില്‍ കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ തലപൊക്കിയപ്പോള്‍ തന്നെ അവരുടെ തനിനിറം സമൂഹമധ്യത്തില്‍ തുറന്നുകാട്ടിയത്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ആയിരുന്നുവെന്ന്‌ ഐക്യദാര്‍ഢ്യ സമ്മേളനം വ്യക്തമാക്കി.

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഫൈസി കൊളപ്പറമ്പ്‌ അധ്യക്ഷത വഹിച്ചു. ടി.എച്ച്‌. മുഹമ്മദ്‌ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. റിയാദ്‌ എസ്‌.വൈ.എസ്‌. ചെയര്‍മാന്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. സമസ്‌ത ആലപ്പുഴ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അബ്ദുറഹ്‌്‌മാന്‍ അല്‍ഖാസിമി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ., അഡ്വ. യു.എ. ലത്തീഫ്‌, കെ.പി. കുഞ്ഞിമുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ശിഹാബ്‌ കുഴിഞ്ഞോളം സ്വാഗതവും കണ്‍വീനര്‍ മജീദ്‌ പുകയൂര്‍ നന്ദിയും പറഞ്ഞു. ഹമീദ്‌ കിഴിശ്ശേരി, മുഹമ്മദ്‌ കുട്ടി അരിമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.