ജെ.ഐ.സി. ജേണലിസം ഒന്നാം റാങ്ക് സമദ് കാരാടന്



ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ (ജെ..ഐ.സി.) സംഘടിപ്പിച്ച ഹ്രസ്വകാല ജേണലിസം മാസ് കമ്മ്യൂണിക്കേഷന്‍സ് കോഴ്സില്‍ സമദ് കാരാടന് ഒന്നാം റാങ്ക്. നാസര്‍ വെളിയങ്കോടിനാണ് രണ്ടാം റാങ്ക്. ലത്തീഫ് മുസ്‍ല്യാരങ്ങാടിയും സലീം മലയിലും മൂന്നാം റാങ്ക് പങ്കിട്ടു. ജേണലിസം റാങ്ക് ജേതാക്കള്‍ക്ക് പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സ്വര്‍ണ മെഡല്‍ ജിദ്ദയില്‍ ഈമാസമൊടുവില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ജെ.ഐ.സി. ഭാരവാഹികളോടൊപ്പം കോഴ്സ് ഡയറക്ടര്‍ സി.ഒ.ടി. അസീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


നഗരത്തിലെ സാമൂഹിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സമദ് കാരാടന്‍ തിരൂരങ്ങാടി സ്വദേശിയാണ്. ഇംഗ്ലീഷ് മലയാളം ദിനപത്രങ്ങളുടെ കത്തുകള്‍ പംക്തിയില്‍ സജീവമാകാറുള്ള സമദ് ചന്ദ്രികയുടെ ലേഖകനാണ്. അല്‍ ജൊമയ്യ കന്പനിയില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ജോലി ചെയ്യുന്നു.


പൊന്നാനിക്കടുത്ത വെളിയങ്കോട് സ്വദേശിയാണ് രണ്ടാം റാങ്ക് നേടിയ നാസര്‍ വെളിയങ്കോട്. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. സാഹിത്യ മണ്ഡലത്തില്‍ സുപരിചിതന്‍. ജിദ്ദ സനഇയയിലെ അല്‍ വതനിയ കണ്ടയിനേഴ്സ് കന്പനിയുടെ മെറ്റീരിയല‍സ്സ ഹെഡായി പ്രവര്‍ത്തിക്കുന്നു.


മൂന്നാം റാങ്ക് ലഭിച്ച ലത്തീഫ് മുസ്‍ല്യാരങ്ങാടി തൂവലില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന്‍റെ സ്ഥാപനത്തില്‍ പ്രോജക്റ്റ് മാനേജരുടെ സെക്രട്ടറിയാണ്. മൂന്നാം റാങ്കിന്‍റെ മറ്റൊരവകാശിയായ സലീം മലയില്‍ ബലദിന്‍റെ അല്‍ ഖൈര്‍ പെര്‍ഫ്യൂമറിയില്‍ സെയില്‍സ്മാനാണ്. സലീമും ലത്തീഫം ജെ.ഐ.സി. നിര്‍വാഹക സമിതി അംഗങ്ങളാണ്.


ജെ.ഐ.സി. യുടെ ജേണലിസം പരീക്ഷിക്കുന്ന പതിനൊന്ന് പേരില്‍ ആറ് പേര്‍ക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു. മൂന്ന് പേര്‍ക്ക് എ ഗ്രേഡും രണ്ട് പേര്‍ക്ക് ബി ഗ്രേഡും ലഭിച്ചു. മജീദ് പൊന്നാനി (സൌദി എയര്‍ലൈന്‍സ്), മജീദ് പുകയൂര്‍ (ചന്ദ്രിക പ്രതിനിധി), എന്നിവരും എ പ്ലസ് ലഭിച്ചവരിലുള്‍പ്പെടും.


പത്ര ദൃശ്യ മാധ്യമ രംഗത്ത് അഭിരുചിയുള്ളവര്‍ക്കായി നടത്തിയ എഴുത്തു പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനാറ് പേര്‍ക്കാണ് കോഴ്സില്‍ പ്രവേശനം അനുവദിച്ചിരുന്നത്. എഴുത്തു പരീക്ഷയുടെയും പ്രക്ടിക്കലിന്‍റെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിര്‍ണ്ണയിച്ചത്. അസൈന്‍മെന്‍റ്, സ്റ്റഡി ടൂര്‍ , വൈവ വോസി എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് പഠിതാക്കളുടെ ഗ്രേഡ് നിശ്ചയിച്ചത്.


അച്ചടി - ദൃശ്യ മാധ്യമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പ്രവാസി സമൂഹത്തില്‍ അഭിരുചിയുള്ളവര്‍ക്കായി ജെ.ഐ.സി. ഇത്തരമൊരു കോഴ്സ് സംഘടിപ്പിച്ചത്. മാധ്യമരംഗത്തെ ഏറ്റവും പുതിയ ചലനങ്ങള്‍ വരെ ഉള്‍പ്പെടുത്തി, ഗള്‍ഫിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയതാണ് ജിദ്ദ ജെ.ഐ.സി. യുടെ ജേണലിസം കോഴ്സ്. വാര്‍ത്തയുടെ ഉല്‍പത്തി മുതല്‍ വിവിധ ഉറവിടങ്ങള്‍ , ആധികാരികത, വാര്‍ത്തയുടെ വൈവിധ്യങ്ങള്‍ , എഡിറ്റിംഗിലെ മികവ്, ശ്രാവ്യ, ദൃശ്യ, വെബ് മാധ്യമങ്ങളുടെ വളര്‍ച്ച, പത്ര രംഗത്തെ വെല്ലുവിളികള്‍ എന്നിവയെല്ലാം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയിരുന്നു. ഫോട്ടോ ആല്‍ബവും പ്രോജക്റ്റ് റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ പത്ത് തവണയായി നല്‍കിയ അസൈന്‍മെന്‍റുകള്‍ വിദ്യാര്‍ത്ഥികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജിദ്ദ നഗരത്തെ നടുക്കിയ പ്രളയത്തെ ആസ്പദമാക്കിയുള്ള സചിത്ര ഫീച്ചറും ഇവയിലുള്‍പ്പെടുന്നു.