എന്തിനീ വൃദ്ധയൗവനം!?

ചരിത്രവും യൗവനവും ഉടപ്പിറപ്പുകളാണ്. യുവാക്കള് യുഗശില്പികള് എന്നാണല്ലോ ചൊല്ല്. ചിന്തകൊണ്ടും കര്മംകൊണ്ടും ചരിത്രത്തെ മുന്നോട്ട് നയിച്ചതു യുവതയാണ്. കല, ശാസ്ത്രം, ദര്ശനം, വിപ്ലവം തുടങ്ങി സംസ്കാരത്തിന്റെയും നാഗരികതയുടെയും എല്ലാ മേഖലകളിലും അവരുടെ കാലടിപ്പാടുകളുണ്ട്. എന്നാല് ഇതെല്ലാം ഇന്നലേകളുടെ മാത്രം യാഥാര്ത്ഥ്യങ്ങളാവുകയാണോ? ആടിപ്പാടി മയങ്ങുന്ന ആധുനിക യൗവനം അപ്രിയ ചോദ്യമാണുയര്ത്തിക്കൊണ്ടിരിക്കുന്നത്.

ആശയും ആവേശവും അറ്റ, ധൈര്യം ചോര്ന്ന, സ്വപ്നവും സാഹസികതയും അസ്തമിച്ച, ചോരതണുത്ത, പാദം പതറുകയും സ്വരം ഇടറുകയും ചെയ്യുന്ന ഒരു നവ യുവത്വം ഇവിടെ പ്രത്യക്ഷമായിരിക്കുന്നു. വാക്കിലും നോക്കിലും പൈങ്കികളായ വര്ത്തമാന യുവത സുഖസാഗരത്തില് നീന്തിത്തുടിക്കുകയാണ്. സമൂഹത്തിന്റെ മത സാംസ്കാരിക ധാരയില് ഇടപ്പെട്ട് അതിനെ നന്മയുടെ വഴിയില് ഗതിമാറ്റി ഒഴുക്കാനല്ല, വിവാഹപ്പന്തലില് വധൂവരന്മാരാകാനാണിവര്ക്ക് കൂടുതല് പ്രിയം. മുന്ഗാമികളുടെ ഹൃദയരക്തം കൊണ്ടെഴുതിയ വിപ്ലവ ഈരടികള്ക്ക് മുന്തിയ ഇനം വീഞ്ഞുകൊണ്ട് വര്ത്തമാന യുവത പാരഡികളെഴുതുന്നു. അധര് കര്മങ്ങളെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റമല്ല, വിനയാന്വിതരായി ഉത്തരം പറയാനുള്ള മെയ്വഴക്കമാണവര് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഇരുപതുകളുടെയും മുപ്പതുകളുടെയും മീതെ വാര്ദ്ധക്യത്തിന്റെ കരിമ്പടം വീണുകഴിഞ്ഞിരിക്കുന്നു. അകാലനര ബാധിച്ച വൃദ്ധ യൗവനം പോയകാല വിപ്ലവ യൗവനത്തെ അപമാനിച്ചിരിക്കുന്നു.

കപിലവസ്തുവിലെ രാജകൊട്ടാരത്തില് നിന്ന് ഏഴകളുടെ ഇടയിലേക്കുള്ള ബുദ്ധന്റെ ഇറങ്ങിപ്പോക്കിന്, തിരിച്ചുള്ള ഒരു കയറിപ്പോക്കിലൂടെ ആധുനിക യുവത പ്രായശ്ചിത്തം ചെയ്തുകൊണ്ടിരിക്കുന്നു. ഗോത്രപ്രമുഖരും വര്ത്തക പ്രമാണിമാരും വെച്ചു നീട്ടിയ മോഹന വാഗ്ദാനങ്ങള് വലിച്ചെറിഞ്ഞ്, ആദര്ശം നെഞ്ചോട് ചേര്ത്ത് മക്കയില് നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത പ്രവാചകനോട് അവര്ക്ക് മതിപ്പില്ലാത്തതുകൊണ്ട്മണ്ണിനും പെണ്ണിനുംവേണ്ടി പാലായനം ചെയ്ത് പാലായനത്തെ തന്നെ പരിഹസിക്കുന്നു. പുണ്യപുരാതന പാലായനങ്ങളെ അവര് വിനോദയാത്ര കളാക്കി. ത്യാഗോജ്ജ്വലമായ വിപ്ലവങ്ങള് തേജോമയമാക്കിയ ചരിത്രഭൂമികളിലേക്കും വിപ്ലവ നേതാക്കളുടെ കുടീരങ്ങളിലേക്കും വിനോദയാത്ര സംഘടിപ്പിച്ച് പണമുണ്ടാക്കുന്ന പ്രവണത ഇന്നുവരെ ലോകത്ത് നടന്ന വിപ്ലവങ്ങളെ പരാജയപ്പെടുത്താന് പോന്നവരാണ്. നീറോ ചക്രവര്ത്തിയുടെയും ഖാറൂന് മുതലാളിയുടെയും ജീനാണ് നവയുവതയില് കുത്തിനിറച്ചുകൊണ്ടിരിക്കുന്നത്.

മുന്കാലങ്ങളില് കേരളത്തില് ആഞ്ഞടിച്ച യൗവനത്തിന്റെ കൊടുങ്കാറ്റ് കണ്ട് അന്ധാളിച്ചുപോയ പ്രതിലോമ ശക്തികള് ഇന്ന് യൗവനത്തിന്റെ ഉച്ചമയക്കത്തില് ആഹ്ലാദിക്കുകയാണ്. അനീതിയും അധര്മവും കേരളത്തിലെ നാടും നഗരവും വീടും കുടുംബവും ഇളക്കിമറിച്ച് ഘോഷയാത്ര നടത്തുമ്പോള് നാണം കുണുങ്ങികളായ നമ്മുടെ ചെറുപ്പക്കാര് തെരുവോരങ്ങളില് അത് ആസ്വദിച്ചു നില്ക്കുകയാണ്. ഭരണാധികാരികള്ക്കും പുരോഹിതന്മാര്ക്കും വ്യവസായ പ്രമുഖര്ക്കും മുന്നില് ഓഛാനിച്ചു നിന്ന് അനീതിയുടെ പങ്കുപറ്റി ജീവിക്കുന്ന നമ്മുടെ യുവതലമുറ മനുഷ്യകുലത്തിനു തന്നെ നാണക്കേടാണ്.

രാഷ്ട്രീയ തമ്പുരാക്കന്മാരുടെയും പുരോഹിത പരിഷകളുടെയും പെട്ടിയെടുത്ത് വട്ടം കറങ്ങുന്ന ചുമട്ട് തൊഴിലാളികള്ക്ക് അനീതിക്കെതിരെ ശബ്ദിക്കാന് കഴിയില്ല. പണം അവരെ ഊമകളാക്കിയിരിക്കുന്നു. അന്ധരും ബധിരരുമായ ഇറച്ചിക്കഷ്ണങ്ങള് യുവാക്കള് എന്ന വിശേഷണത്തിന് അര്ഹരല്ല. യുവാക്കളില്ലാത്ത ഒരു കാലം ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്ത്ഥ്യമായി നമ്മുടെ മുന്നില് പ്രത്യക്ഷമായിരിക്കുന്നു.

ഉഛനീചത്വങ്ങളുടെ പൂര്വകാല അപമാനത്തിലേക്ക് സമൂഹം തിരിച്ചുപോകുമ്പോള്, ചൂഷകര് നാടാകെ വലവിരിക്കുമ്പോള്, സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അതിരുകള് ലംഘിക്കപ്പെടുമ്പോള് അതിനെതിരെ ഒരക്ഷരം ഉരിയാടാതെ വിഹിതം പറ്റി ഉറങ്ങുന്ന വര്ത്തമാന യുവതയെ ഉണര്ത്താന് ഇപ്പോള് ഇവിടെ ഒരു യുവ എഴുത്തുകാരനോ പ്രസംഗകനോ ഇല്ലാതെ പോയിരിക്കുന്നു. അവരും വിഹിതംപറ്റി വഴിമാറി സഞ്ചരിക്കുകയാണോ!?

ഭീതിജനകമായ സാഹചര്യത്തെ മറികടക്കാന് ബോധപൂര്വമായ ശ്രമങ്ങളുണ്ടാവണം. കേള്ക്കാന് പാടില്ലാത്തത് കേള്പ്പിക്കുകയും കേള്ക്കേണ്ടത് കേള്പ്പിക്കാതിരിക്കുകയും ചെയ്യുന്നത് പുതിയ യുവതയില് നിന്ന്.

പ്രസിദ്ധ സാഹിത്യകാരനായ ലോര്ഡ് ബൈറന് ഒരിക്കല് പറഞ്ഞു: “നമ്മുടെ യുവത്വത്തിന്റെ ദിനങ്ങള് നമ്മുടെ സ്വര്ഗീയാനന്ദത്തിന്റെ ദിനങ്ങളാണ്. ബൈറനെ പോലുള്ള ചില വ്യക്തികളുടെ ഇത്തരം ദര്ശനങ്ങളാണ് ആധുനിക യുവസമൂഹത്തില് യുവത്വത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ നിറയാന് കാരണമായത്. യഥാര്ത്ഥത്തില് യുവത്വം അടിച്ചുപൊളിക്കാനുള്ളതാണോ? ചാനല് സംസ്കാരവും പ്രണയവും ഇന്റര്നെറ്റ് ചാറ്റിംഗ് സംസ്കാരവും മയക്കുമരുന്നുകളോടുള്ള അഡിക്ഷനും നവീന ഫാഷന് അഭിനിവേശവും ആധുനിക യുവതക്ക് വല്ല ഗുണവും ചെയ്തിട്ടുണ്ടോ?

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം യുവാക്കളില് 65 ശതമാനവും യുവതികളില് 40 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്ത്ഥങ്ങള്ക്കടിമപ്പെട്ടവരും, ലൈംഗിക വേഴ്ച നടത്തുന്നവരുമാകുന്നു. പ്രപഞ്ചനാഥന് അതിര്വരമ്പുകള് വെച്ച ലൈംഗിക സുഖം വരെ വിവാഹത്തിന് മുമ്പ് പങ്കിടുന്ന വര്ത്തമാന യുവതയുടെ പ്രവണത കൊടും കെടുതികള് വിതക്കുന്നവയാണ്.

വിപ്ലവ യൗവനം വീണ്ടെടുക്കാന് കുറുക്കുവഴികളില്ല. ജിംനേഷ്യങ്ങള്ക്കോ, സുഖചികിത്സാകേന്ദ്രങ്ങള്ക്കോ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൗവനം വീണ്ടെടുക്കാന് കഴിയില്ല. ഉള്ളം പൊള്ളിക്കുന്ന ആദര്ശങ്ങള്ക്കേ അതിന് കഴിയൂ. ആദര് പ്രചോദിതരും ത്യാഗികളുമായ ഒരു യുവതലമുറയുടെ പിറവിയാണ് കാലം തേടുന്നത്.

വര്ത്തമാന യുവതയെ വഴിതെറ്റിച്ചതില് പ്രധാന പങ്ക് മുതലാളിത്തത്തിനാണ്. മുതലാളിത്തത്തിന്റെ പുകച്ചുരുളുകളില് ഞെരിഞ്ഞമര്ന്ന്, ഭൗതികതയുടെ തീച്ചൂളയില് വെന്തുരുകുന്ന ഉത്തരാധുനിക യുവത നന്മയുടെ കുപ്പായമണിയാന് സമയമതിക്രമിച്ചിരിക്കുന്നു. നന്മയും തിന്മയും തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിച്ച് തിന്മയെ തിരസ്കരിച്ച് ഒരു നവ യുവത ഇവിടെ രൂപപ്പെടേണ്ടതുണ്ട്. പുഴുവില് നിന്ന് ചിത്രശലഭം എന്നപോലെ ജീര്ണതയില് നിന്ന് നവജാഗരണത്തിലേക്ക്.

മാനവികതയുടെ ഇത്തിരിവെട്ടത്തെ കൂരിരുട്ടാക്കുന്ന ഹീനമായ സാമൂഹികാന്തരീക്ഷത്തില് നിന്ന് വര്ത്തമാന യുവതക്ക് മോചനം നേടണമെങ്കില് ഒരു മാര്ഗം മാത്രമേ മുമ്പിലുള്ളൂ. അധാര്മികതയുടെ പാനപാത്രം ചുണ്ടോടടുപ്പിച്ച ആറാം നൂറ്റാണ്ടിലെ ജനതയെ തമസില് നിന്ന് ജ്യോതിസിലേക്ക് നയിച്ച തിരുദര്ശനങ്ങളിലേക്കുള്ള മടക്കം മാത്രമാകുന്നു അത്.