അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴിയേകാന്‍ ദാറുല്‍ ഹുദാ കാമ്പസില്‍ ആയിരങ്ങള്‍

തിരൂരങ്ങാടി: ചൊവ്വാഴ്ച വാളയാറില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ദാറുല്‍ ഹുദാ കാമ്പസ്സിലേക്ക് ആളുകളുടെ പ്രവാഹം. ദാറുല്‍ ഹുദാ ഭൗതിക വിദ്യാഭ്യാസ വിഭാഗം തലവന്‍ പ്രൊഫ.ഇ.മുഹമ്മദ്, പൈനാട്ടില്‍ ഹൈദ്രോസ് ഹാജി, തൂമ്പത്ത് മുസമ്മില്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.പൊതുദര്‍ശനത്തിനായി ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ മൃതദേഹങ്ങള്‍ ആദ്യമെത്തിച്ചത് ചെമ്മാട്ടെ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസ്സിലേക്കായിരുന്നു. മത, രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് യാത്രാമൊഴി നേരാന്‍ രാവിലെ മുതല്‍ ദാറുല്‍ ഹുദയില്‍ എത്തിക്കൊണ്ടിരുന്നു.മയ്യത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഖുര്‍ആന്‍ പാരായണസദസ്സിന് ഇബ്രാഹിം ഫൈസി, പി.ഇസ്ഹാഖ് ബാഖവി ചെമ്മാട് എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം ഖാസി ഒ.പി.എം.സയ്യിദ് മുത്തുക്കോയ തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസമദ് സമദാനി, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, എം.എല്‍.എമാരായ മമ്മുണ്ണി ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ.എം.ഉമ്മര്‍ എന്നിവരും കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഡോ.യു.വി.കെ.മുഹമ്മദ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, മുക്കം മോയിന്‍ ഹാജി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ മുഹയുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി, പി.പി.മുഹമ്മദ് ഫൈസി, ടി.പി.ഇപ്പ മുസ്‌ലിയാര്‍, ഡോ.കെ.ആലിക്കുട്ടി, എസ്.എം.ജിഫ്രി തങ്ങള്‍ കക്കാട്, പി.എം.മൗലവി അച്ചനമ്പലം, എം.എം.കുട്ടിമൗലവി, അരിമ്പ്ര മുഹമ്മദ്, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, പി.കെ.അബ്ദുള്‍ ഗഫൂര്‍ ഖാസി, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, കെ.എം.സൈതലവി ഹാജി, സി.എച്ച്.ത്വയ്യിബ് ഫൈസി, ബഷീര്‍ പനങ്ങാങ്ങര, ഒ.പി.കുഞ്ഞാപ്പുഹാജി, എം.എ.ഖാദര്‍, കെ.പി.സി.സി.സെക്രട്ടറി കെ.പി.അബ്ദുള്‍ മജീദ്, എ.പി.അബ്ദുള്‍ വഹാബ് എന്നിവര്‍ അനുശോചനമര്‍പ്പിക്കാന്‍ എത്തി. അപകടത്തില്‍ പരിക്കേറ്റവരില്‍ യു.ഷാഫിഹാജി ഒഴികെയുള്ളവരും സ്ഥലത്തണ്ടായിരുന്നു. ഷാഫിഹാജി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയിലാണ്. പൈനാട്ടില്‍ ഹൈദ്രോസ് ഹാജിയുടെ മൃതദേഹം വെന്നിയൂര്‍ ടൗണ്‍ ജുമാമസ്ജിദിലും പ്രൊഫ.ഇ.മുഹമ്മദ്, മുസമ്മില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പുതുപ്പറമ്പ് ജുമാമസ്ജിദിലും ഖബറടക്കി.