ഇമാം ഗസ്സാലി അക്കാദമി സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും

കല്പറ്റ: കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമി സനദ്ദാന സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുമെന്ന് കണ്‍വീനര്‍ കെ.അഹമ്മദ്, പിലാക്കണ്ടി ഇബ്രാഹിംഹാജി, കെ.എം.അബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച രണ്ടുമണിക്ക് സമസ്ത വയനാട് സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. ഡബ്ല്യു.എം.ഒ. ജോ. സെക്രട്ടറി എം.കെ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് കക്കോടന്‍ മൂസഹാജി പതാക ഉയര്‍ത്തും. ഏഴുമണിക്ക് ദുആ മജ്‌ലിസ് പൊഴുതന അബ്ദുള്ളക്കുട്ടി ദാരിമി ഉദ്ഘാടനം ചെയ്യും. ബ്രാന്‍ കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിക്കും. ശനിയാഴ്ച ഒമ്പതുമണിക്ക് ഗസ്സാലി ദര്‍ശനവും സംസ്‌കാരവും എന്ന സെമിനാര്‍ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമ അബ്ദുസ്സലാം ബട്കലി ഉദ്ഘാടനം ചെയ്യും. റാഷിദ് കൂളിവയല്‍ മോഡറേറ്ററായിരിക്കും.തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കളക്ടര്‍ ടി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. മായന്‍ മണിമ മോഡറേറ്ററായിരിക്കും. അഞ്ചുമണിക്ക് പൊതുസമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖില്‍അ ദാനം തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം കോളേജിലെ മാണിയൂര്‍ അഹ്മദ് മൗലവിയും സനദ്ദാനം പട്ടിക്കാട് ജമിഅഃ നൂരിയ അറബിയ്യയിലെ പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാരും നിര്‍വഹിക്കും.ഈ വര്‍ഷം 15 വിദ്യാര്‍ഥികളാണ് ബിരുദമെടുത്ത് കര്‍മരംഗത്തിറങ്ങുന്നത്. കഴിഞ്ഞവര്‍ഷം സനദ് എടുത്തിറങ്ങിയ 25 ഗാസ്സാലികള്‍ കേരളത്തിനകത്തും പുറത്തുമുള്ള ഉന്നത കലാലയങ്ങളില്‍ ഉപരിപഠനം നടത്തുന്നു. 1999ലാണ് അക്കാദമി ആരംഭിച്ചത്. ശാസ്ത്ര, സാമൂഹിക, ഭാഷാ വിജ്ഞാനീയത്തില്‍ അവഗാഹം നേടി ഇസ്‌ലാമിക ദര്‍ശനങ്ങളെ കാലികരീതികളിലും ആധുനിക സങ്കേതങ്ങളിലും പരിചയപ്പെടുത്തുകയാണ് ഗസ്സാലി ചെയ്യുന്നത്.പത്രസമ്മേളനത്തില്‍ സി.അബ്ദുള്‍റഷീദ് നദ്‌വി, പി.കബീര്‍, സി.എച്ച്.ജാഫര്‍ ഗസ്സാലി എന്നിവരും പങ്കെടുത്തു.