മജ്‍ലിസ് ഇന്‍തിസ്വാബ് ഐക്യദാര്‍ഢ്യ സമ്മേളനം : ജിദ്ദ





ജിദ്ദ : കേരളീയ മുസ്‍ലിംകളുടെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും നവോത്ഥാനത്തിന്‍റെ അവകാശവാദം ഉന്നയിക്കുന്ന മറ്റുള്ളവര്‍ പൈതൃക നിഷേധികളാണെന്നും ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച മജ്‍ലിസ് ഇന്‍തിസ്വാബ് ഐക്യദാര്‍ഢ്യ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

ഇസ്‍ലാമിക ദഅ്വത്തിന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതൃത്വം കൊടുക്കുന്ന മദ്റസകളെ പോലെ മറ്റൊരു ശൃംഖല ലോക ചരിത്രത്തില്‍ മറ്റെവിടെയും കണ്ടെത്താനാവില്ലെന്ന് 'സമസ്ത സംഘപാതയിലെ തങ്കനക്ഷത്രം' എന്ന വിഷയം അവതരിപ്പിച്ച അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി പറഞ്ഞു. ശരീഅത്ത് വിവാദ കാലഘട്ടത്തില്‍ മുസ്‍ലിം സമുദായത്തിന്‍റെ പൊതു ഐക്യത്തിന് മുന്‍കൈ എടുത്തത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നുവെന്നും അന്ന് ഐക്യത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് ഐക്യത്തിന്‍റെ വക്താക്കളായി ചമയുന്നത് കാപട്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഅല്ലിം ക്ഷേമനിധി എന്ന പേരില്‍ മദ്റസ അധ്യാപകരുടെ സംശുദ്ധ ജീവിതത്തില്‍ പലിശ കൊണ്ടുവരാനുള്ള മാര്‍ക്സിസ്റ്റ് ശ്രമത്തെയും അതിന് ചൂട്ട് പിടിക്കുന്നവരെയും കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തില്‍ അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ അല്‍ഖാസിമി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. കര്‍മ്മവീഥിയില്‍ 21-ാം ആണ്ട് എന്ന വിഷയത്തില്‍ ജഅഫര്‍ വാഫിയും, ട്രെന്‍റ് വിദ്യാഭ്യാസ വീഥിയില്‍ വരുത്തിയ മാറ്റം എന്ന വിഷയം വി.എം. അഷ്റഫ് വടകരയും അവതരിപ്പിച്ചു. അഷ്റഫലി തറയിട്ടാല്‍ സ്വാഗതവും ബഷീര്‍ മാട്ടില്‍ നന്ദിയും പറഞ്ഞു.

- മജീദ് പുകയൂര്‍