ഇസ്ലാമില്‍ ഭീകരതക്ക് സ്ഥാനമില്ല: അലി അബ്ദുല്ല അഹമ്മദ് റൈസ്

കൊയിലാണ്ടി : തീവ്രവാദത്തിനും ഭീകരതക്കും ഇസ്ലാമില്‍ സ്ഥാനമില്ലെന്ന് ദുബൈ ഔഖാഫ് ബോര്‍ഡ് ഡയറക്ടര്‍ ശൈഖ് അലി അബ്ദുല്ല അഹമ്മദ് റൈസ് പറഞ്ഞു. നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ 34ാം വാര്‍ഷിക 11ാം സനദ്ദാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ മാര്‍ഗം ക്ഷമയുടേതാണ്. ഇസ്ലാം ആഗോള പ്രസ്ഥാനമാണ്. ഇസ്ലാമില്‍ ബലാല്‍ക്കാരത്തിനു സ്ഥാനമില്ല. ഇസ്ലാമിന്റെ സുന്ദരമുഖത്തെ ജനങ്ങളിലെത്തിക്കണം. ഇസ്ലാമിനെ ഉള്‍ക്കൊള്ളാത്തവരോടും സൌഹൃദ സമീപനം പുലര്‍ത്തണം. ഇസ്ലാമിന്റെ നല്ല വശങ്ങള്‍ പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. അറിവ് സമ്പത്തിനേക്കാള്‍ മഹത്തരമാണ്. അറിവുള്ളവനെ സമൂഹം ആദരിക്കും ^ അലി അബ്ദുല്ല അഹമ്മദ് റൈസ് പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍ജിനീയറിങ് കോളജ് ശിലാസ്ഥാപനം കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടി പാഞ്ഞുനടക്കുകയാണ് ചിലര്‍. മത ധാര്‍മിക ബോധങ്ങള്‍ മറന്നു പ്രവര്‍ത്തിക്കുന്ന ഇവര്‍ ദുഷ്പേരുണ്ടാക്കുന്നു. ആത്മീയ നേട്ടങ്ങള്‍ ഉണ്ടായാലേ സമൂഹത്തിന് മഹത്ത്വമുണ്ടാകൂ. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കുറഞ്ഞകാലംകൊണ്ട് ലോകത്തിന്റെ ഉന്നതങ്ങളില്‍ സ്ഥാനം പിടിക്കുമെന്നും അഹമ്മദ് പറഞ്ഞു.

മുനവറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി, ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ആലിക്കുട്ടി മുസ്ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, നാസര്‍ ഫൈസി കൂടത്തായ്, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, ടി.ടി. ഇസ്മായില്‍, സി.വി.എം. വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 471 പണ്ഡിതന്മാര്‍ക്ക് ബിരുദം നല്‍കി.എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വാഗതവും ഉമര്‍കോയ ഹാജി നന്ദിയും പറഞ്ഞു.