അബ്ദുല്ല മൗലവിയുടെ മരണം ദുരൂഹത നീക്കണം : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റ് സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ ദുരൂഹത നീക്കാന്‍ പോലീസ് തയ്യാറാവണമെന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആവശ്യപ്പെട്ടു. മരണം ആത്മഹത്യയോ അസ്വാഭാവിക മരണമോ ആക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അവശനും പരാശ്രിതനുമായ അബ്ദുല്ല മൗലവിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ചെരിപ്പും ഊന്ന് വടിയും കണ്ടെത്തിയ സ്ഥലവും പരിശോധിച്ചാല്‍ സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സ്ഥിരമായി കവിത രചിച്ച് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഉസ്താദിന്‍റെ ഡയറിയിലെ ഖസീദത്തുല്‍ ബുര്‍ദ യിലെ ചില ഭാഗത്തിന്‍റെ പരിഭാഷ മാത്രം എടുത്ത് കാട്ടി അത് ആത്മഹത്യാ കുറിപ്പാണെന്ന് വരുത്തി തീര്‍ക്കാനുള്ള പോലീസിന്‍റെ ശ്രമം സംശയാസ്പദമാണ്.
മരണ വാര്‍ത്ത അറിഞ്ഞയുടന്‍ ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കുന്ന, ഭരണത്തില്‍ സ്വാധീനമുള്ള ഒരു മത സംഘടനയുടെ ഒത്താശയും പോലീസിനുണ്ട്. കേസ് ഒതുക്കാനാണ് പോലീസ് ശ്രമമെങ്കില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ടാവുമെന്നും കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.