മാധ്യമ പക്ഷപാതിത്വം അവസാനിപ്പിക്കുക - എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി

റിയാദ് : കേരളത്തില്‍ മീഡിയ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പക്ഷപാതപരമായ സമീപനത്തെ എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശക്തമായി അപലപിച്ചു. പല വാര്‍ത്താ മാധ്യമങ്ങളും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. നിസ്പക്ഷമെന്നും മൂല്യാതിഷ്ടിതമെന്നും അവകാശപ്പെടുന്ന പല പത്രങ്ങളും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്നില്ല. തങ്ങളാണ് പുരോഗമന വാദികളെന്നും തങ്ങള്‍ സൃഷ്ടിക്കുന്ന ഭാവനാ റിപ്പോര്‍ട്ടിങ്ങിലൂടെ ഒരു സമൂഹത്തെ യാഥാര്‍ത്യങ്ങളില്‍ നിന്ന് തെറ്റിദ്ധാരണയിലേക്ക് നയിക്കാം എന്നും വിശ്വസിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ ഈ അടുത്ത് കേരളത്തില്‍ നടന്ന പല സുപ്രധാന സമ്മേളനങ്ങളും മീഡിയകള്‍ പാടെ അവഗണിച്ചു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളിലും കൊടക്, നീലഗിരി, ലക്ഷദ്വീപ്എന്നീ കേന്ദ്രങ്ങളിലും എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച മനുഷ്യജാലിക പോലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളും അറിഞ്ഞില്ല. സ്വരാജ്യ സ്നേഹപ്രകടനങ്ങള്‍ നടത്തുന്നവര്‍ ന്യൂനപക്ഷമാണെങ്കില്‍ അവഗണിക്കുകയും ഭൂരിപക്ഷമാണെങ്കില്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇല്ലാത്ത തീവ്രവാദം ചര്‍ച്ച ചെയ്യാനാണ് ചില ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ ഹരമുള്ള മാധ്യമപ്രവര്‍ത്തനം ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെയെന്നു മുദ്രാവാക്യം ഉയര്‍ത്തിയ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കിയ ചില സമുദായ പത്രങ്ങള്‍ക്ക് തീവ്രവാദത്തിന്‍റെ പേരില്‍ അവരെ പിടിക്കപ്പെട്ടപ്പോള്‍ മാളത്തിലൊളിക്കുകയാണ് ചെയ്തത്. കേരളീയ സമൂഹം നാളെ എന്ത് ചര്‍ച്ച ചെയ്യണമെന്നു വരെ ഇന്ന് ചില പത്ര ഓഫീസുകളാണ് തീരുമാനിക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ യുവതയെ വഞ്ചിച്ചു ഇവ്വിധം ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കുന്ന കപട മാധ്യമ പ്രവര്‍ത്തനത്തെ കരുതിയിരിക്കണമെന്ന് സെക്രട്ടറിയെറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്തു.