അടിസ്ഥാന വിശ്വസങ്ങളും ചിന്തകളും

അടിസ്ഥാന വീക്ഷണങ്ങള്
മുസ്ലിംകളെല്ലാവരും വിശ്വസിക്കുന്നത് അവര് അല്ലാഹുവിലേക്കുള്ള വഴിയിലാണെന്നും അവനിലേക്കുള്ള അടുപ്പം പരിശീലനം ചെയ്തിട്ടുള്ള ധാരാളം മാര്ഗങ്ങളുണ്ടെന്നുമാണ്. സൂഫിജ്ഞാനികളുടെ മുഖ്യ ലക്ഷ്യം അല്ലാഹുവിനെ അറിയലും സ്വന്തത്തെ പരുവപ്പെടുത്തലുമാണ്. നബി(സ്വ) വ്യക്തമാക്കിപ്പറഞ്ഞ മൂന്ന് സരണികളിലായിട്ടാണ് സൂഫി പന്ഥാവ് കടന്ന് പോകുന്നത്. ശരീഅത്ത് എന്റെ വാക്കുകളാണ്, ത്വരീഖത്ത് എന്റെ പ്രര്വര്ത്തനങ്ങളാണ്, ഹഖീഖത്ത് എന്റെ ആന്തരികാവസ്ഥകളാണ്. ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ശരീഅത്തെന്ന പ്രധാന വഴിയില് നിന്ന് ഉടലെടുത്ത മറ്റൊരു വഴിയാണ് ത്വരീഖത്ത്. ശരീഅത്തിന്റെ വിധിവിലക്കുകള് യഥാവിധി അനുധാവനം ചെയ്തിട്ടില്ലെങ്കില് സൂഫി പാതയൊരിക്കലും മനസ്സിലാവുകയില്ല. ത്വരീഖത്തിന്റെ -വഴി- ഇടുങ്ങിയതും അത്യധികം പ്രയാസപ്പെട്ട് നടക്കേണ്ടതുമാണ്. അല്ലാഹുവാണ് ഒരുവന് എന്ന തൗഹീദിന്റെ മൂലതത്വത്തലേക്ക് എത്തുന്നത് വരെ വ്യത്യസത സ്ഥാനങ്ങളിലൂടെ(മഖാം) ഇതില് പ്രവേശിക്കുന്നവന് (സാലികു സ്സൂലൂകി) നയിക്കപ്പെടുന്നു. അല്ലാഹുവിലേക്കുള്ള വഴിയും സത്യവും അന്വേശിച്ച് കണ്ടെത്താന് മാര്ഗദര്ശകന് അനിവാര്യമായത് കൊണ്ട് തസ്വവുഫിന് സാധാരണയായി സൂഫി പരമ്പരയുടെ കണ്ണികളായ ഗുരുനാഥ•ാര്(മുര്ശിദ്) ഉണ്ടായേ തീരൂ. അവരുടെ പക്കല് നിന്നുള്ള പരിശീലനങ്ങളും ചിട്ടകളും അനുഷ്ഠിച്ച് കഠിന തപസ്സിലൂടെ യഥാര്ഥ വഴിയെ അവര് പുല്കുന്നു. അവരുടെതായ ഉരുവിടലുകളും സൂക്തങ്ങളും നാഥനെ വാഴ്ത്തുന്ന വചനങ്ങളുമായി ഒരു പ്രത്യേക അവസ്ഥയിലാണ് അവര് വഴിയന്വേശിക്കുന്നത്. ഇസ്ലാമിക ഗൂഢാത്മ തത്വജ്ഞാനം വ്യത്യസ്ഥ പരമ്പരകളായിട്ടാണ് രൂപമെടുത്തതും പരിണമിച്ചതും. ഓരോന്നും അവയുടെ പ്രധാന ഗുരുവിലേക്കാണ് ചേര്ക്കപ്പെടാറുള്ളത്.
സൂഫി ചിന്തകള്
ഖുര്ആനിക സൂക്തങ്ങളില് നിന്നും സ്വാംശീകരിച്ച നിഗൂഢവും അതിലേറെ ഗഹനവുമായ ആറ് കാര്യങ്ങള് പരമാര്ഥത്തില് എല്ലാ സൂഫികളും ഇതിനെ വ്യതിരക്തമാക്കുന്നുണ്ട്. സൂക്ഷ്മവും അനുരൂപവുമായ ആറ് കാര്യങ്ങള് (ലഥ്വാഇഫു സ്സിത്തഃ) ശരീരം, ഹൃദയം, ആത്മാവ്, രഹസ്യം, സൂക്ഷ്മം, അതിസൂക്ഷ്മം (നഫ്സ്, ഖല്ബ്, റൂഹ്, സിര്റ് ഖഫിയ്യ്, അഖ്ഫാ) എന്നിവയാണവ. അവകള് വ്യത്യസ്ത ആദ്ധ്യാത്മിക ഘടകങ്ങളെയോ ഇന്ദ്രിയങ്ങളെയോ പ്രതിനിധീകരിക്കുന്നു. വ്യക്തിയില് സുപ്തമായ ബോധതലങ്ങളുടെ ആത്മീയ വശങ്ങളെ ഉണര്ത്തിയെടുക്കലാണ് ഇതിലൂടെ സാധ്യമാകുന്നത്. ഓരോ കേന്ദ്രവും ശരീരത്തിന്റെ പൊതുവായ ഭാഗവും പ്രത്യേകമായ അഭിരുചിയുമാി ബന്ധപ്പെട്ടു കിടക്കുന്നു. അതാവട്ടെ ഓരോ മാരഗങ്ങളിലും വ്യത്യസ്തവുമാണ്. ഒരു മാരഗദര്ശിയുടെ സഹായം ഇവയുടെ സജീവതക്ക് അത്യാവശ്യമാണ്. ഈ അവസ്ഥയിലൂടെ സഞ്ചരിച്ച് ഒരു ആപേക്ഷികമായ പൂര്ണതയിലേക്കെത്തുന്നു. സൂക്ഷ്മവും ഗഹനവുമായ ആറു കാര്യങ്ങളും സംസ്കരണ ക്രിയകളും യഥാര്ത്ഥ ആദ്ധ്യാത്മിക തത്വശാസ്ത്രത്തില് ഉള്പ്പെടുന്നു. പ്രകൃത്യാ വികാരവിക്ഷോഭിയും തീക്ഷണ മനോഭാവവുമുശ്ശ ശരീരത്തെ സംസ്കരിച്ച് (തസ്കിയത്തുന്നഫ്സി) ഹൃദയത്തെ സ്ഫടികസമാനം സ്ഫുടം ചെയ്തെടുത്ത് (തസ്കിയത്തുല് ഖല്ബി) ദൈവാനുരാഗത്താല് (ഇശ്ഖ്) പുഷ്കലമാക്കി ആത്മാവിനെ ജ്വലിപ്പിക്കുന്നു. അഹംഭാവത്തെയും സ്വാര്ഥ മോഹത്തെയും ഒഴിപ്പിച്ച് നിര്ത്തി ദൈവ സ്മരണകള് (ദിക്റ്) ഉരുവിട്ട് സംസ്കരണത്തിന്റെ സൂക്ഷ്മവും നിഗൂഢവുമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മുറാഖബയെന്ന ധ്യാനനിമഗ്നതയിലേക്ക് ദിക്റുള് ഉരുവിട്ട് ഇതര ചിന്തകളില് നിന്നും വികാരവിക്രിയകളില് നിന്നും വിമുക്തമാക്കി പ്രവേശിക്കുന്നു. പ്രതിഫലേഛയേതുമില്ലാതെ നിസ്വാര്ഥമായ അനുരാഗമാണ് സൂഫിക്ക് അനുരൂപമായതും അനുധാവനം ചെയ്യുന്നതും.
മനഃശാസ്ത്രം
ഖുര്ആനില് നിന്നുമെടുത്ത മൂന്ന് ചിന്താധാരകളെയാണ് ആദ്യകാല സൂഫികള് അവലംബമാക്കിയത്. മനുഷ്യനുമായി ഏറ്റവും അടുപ്പമുള്ള സ്വന്തം ശരീരവും അതിനടുത്ത ഹൃദയവും തൊട്ടകലെയുള്ള ആത്മാവും പരാക്രമിക്ക് ശരീരത്തോടും മിതവാദിക്ക് ഹൃദയവും വിജിഗീഷുവിന് ആത്മാവുമാണ് അടുപ്പമുണ്ടാവുക. അക്രമി ദൈവത്തെ സ്നേഹിക്കുന്നത് സ്വന്തം കാര്യസാധ്യത്തിന് മാത്രം. മിതവാദിയുടെ സ്നേഹം അവനിലധിഷ്ഠിതമാണ്. മൂന്നാമന് അല്ലാഹുവില് സ്വന്തം ആഗ്രഹത്തെ ലയിപ്പിക്കുന്നു. ബുദ്ധി വര്ത്തിക്കുന്ന ഹൃദയത്തിനും ശരീരത്തിനും ഇടയിലുള്ള മതിലായിട്ടാണ്.
ഹൃദയത്തിന് നാലു വശങ്ങളുണ്ട്. നാലും ഖുര്ആനില് നിന്നും വ്യുല്പന്നമായതാണ്. ഇസ്ലാമിന് വേണ്ടി വിശാലാകുന്ന ഹൃദയം (സ്വദ്റ് 39: 32) ഈമാന്റെ ഇരിപ്പിടമായ ഹൃദയം (ഖല്ബ് 49: 7, 16: 106) യഥാര്ത്ഥ ജ്ഞാനത്തിന്റെ കേദാരമായ ഹൃദയം (ഫുആദ് 53:11), തൗഹീദിന്റെ കേന്ദ്രസ്ഥാനമായ ഹൃദയം (ലുബ്ബ് 3: 190) എന്നിങ്ങനെയാണവ. അല്ലാഹുവിലേക്കുള്ള അടുപ്പം പരിശീലിക്കുന്ന ഹൃദയാടിത്തട്ടിലെ രഹസ്യഭാഗത്തെ (സിര്റ്) കൂടി ചില ജ്ഞാനികള് കൂട്ടിച്ചേര്ത്തു..