സംവരണം; അവകാശ നിഷേധങ്ങള്‍ക്ക് നിയമപീഠം കൂട്ട് നില്‍ക്കരുത് : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍

കുവൈത്ത് സിറ്റി : ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ വിദ്യാഭ്യാസ മേഖലകളില്‍ ഭരണഘടന അനുവദിച്ച തത്വങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമപീഠം ജാഗ്രത കാട്ടണമെന്നും ഭരണകൂട ഭൂപരിപക്ഷ മുന്നോക്ക വിഭാഗങ്ങള്‍ വികല വാദങ്ങളുയര്‍ത്തി പിന്നോക്ക സംവരണത്തെ അട്ടിമറിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് അവകാശ നിഷേധങ്ങള്‍ക്ക് നീതിപീഠം കൂട്ട് നില്‍ക്കരുതെന്നും കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര നിര്‍വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.

സാമൂഹിക നീതിയും സമുദായിക സമത്വവും ലഭ്യമാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് സംവരണം.. തൊഴില്‍ വിദ്യാഭ്യാസ മേഖലകളില്‍ ഏറെ പിന്തള്ളപ്പെട്ടു പോകുമായിരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് പേരിനെങ്കിലും അവസരങ്ങള്‍ ലഭ്യമായത് സംവരണം നിമിത്തമാണ്. അതിനാല്‍ സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പ്രതീക്ഷകള്‍ അസ്തമിക്കും.

സംവരണാനുകൂല്യങ്ങള്‍ നിലനില്‍ക്കതന്നെ ഉദ്യോഗമേഖലകളില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന്‍റെ സ്ഥിതി ദയനീയമാണെന്നതിനാല്‍ ജനസംഖ്യാനുപാതകമായി സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സംവരണം ലഭിക്കുന്നതിന് ഭരണകൂട നിയമ പീഠങ്ങള്‍ സജീവ ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

സിറ്റി ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ ശംസുദ്ദീന്‍ ഫൈസി, സിദ്ധീഖ് ഫൈസി, ഇല്യാസ് മൗലവി, ഇഖ്ബാല്‍ മാവിലാടം, മന്‍സൂര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദലി തറമ്മല്‍ സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.