മദ്രസ്സകള്‍ക്കെതിരെയുള്ള കൈയേറ്റം വര്‍ധിക്കുന്നു - ഖാസിമി

കോഴിക്കോട്‌: മദ്രസ്സകള്‍ക്കെതിരെയുള്ള കൈയേറ്റം വര്‍ധിക്കുകയാണെന്ന്‌ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റംസാന്‍ പ്രഭാഷണ പരമ്പരയുടെ പതിമ്മൂന്നാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍തലത്തില്‍ പരമാവധി മതവിരുദ്ധതകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. ചില ദുഷ്ടശക്തികളുടെ താത്‌പര്യം മാത്രമാണ്‌ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്‌. ഇത്തരം നീക്കങ്ങളെ മഹല്ലുകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയണം.

സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ടി.പി.എം. സാഹിര്‍ അധ്യക്ഷത വഹിച്ചു. 'ദഅ്‌വത്ത്‌; മഹല്ല്‌ നേതൃത്വം ചെയ്യേണ്ടത്‌' എന്ന സി.ഡി.യുടെ പ്രകാശനം പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ എ.കെ. മുഹമ്മദലി ചെറൂപ്പയ്‌ക്ക്‌ നല്‌കി നിര്‍വഹിച്ചു. ടി.കെ. പരീക്കുട്ടിഹാജി, സി.കെ.കെ. മണിയൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. ഒ.പി.എം. അഷ്‌റഫ്‌ സ്വാഗതവും ഇ.സി. ബഷീര്‍ നന്ദിയും പറഞ്ഞു.